സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി

പാലയാട്: നാല് വര്‍ഷത്തിനകം കേരളത്തില്‍ 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിദ്യാര്‍ഥികള്‍ക്കാണ് അസാപ് സേവനങ്ങള്‍ ഇതുവരെ ലഭ്യമായിരുന്നത്. കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ അത് പൊതുസമൂഹത്തിനു കൂടി ലഭ്യമാവുകയാണ്. പാര്‍ക്കിന്റെ നടത്തിപ്പുകാരുടെ താല്‍പര്യം മാത്രം ഉയര്‍ന്നുവരാതെ, പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കണം’- മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അസാപ് സ്‌കില്‍ പാര്‍ക്ക് ലക്ഷ്യങ്ങള്‍ ഇവ

പ്രതിവര്‍ഷം നാനൂറോളം ഉദ്യോഗാര്‍ഥികളെ തൊഴില്‍ പ്രാപ്തരാക്കുക.

തൊഴില്‍ സാധ്യത ഏറെയുള്ള ടൂള്‍ എന്‍ജിനീയറിങ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ചറിങ്, ടൂള്‍ ഡിസൈനിങ് പ്രിസിഷന്‍ ആന്‍ഡ് സിഎന്‍സി മെഷിനിങ് കണ്‍വന്‍ഷനല്‍ ആന്‍ഡ് സിഎന്‍സി വെര്‍ട്ടിക്കല്‍ മില്ലിങ് തുടങ്ങിയ കോഴ്‌സുകള്‍ നടത്തും.

ബിടെക് പോലുള്ള പ്രഫഷനല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്യാം.

ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി മെയിന്റനന്‍സ് തുടങ്ങിയവയ്ക്കുള്ള കോഴ്‌സുകള്‍ ഉടന്‍ തുടങ്ങും.

അത്യാധുനിക ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍, ലോക്കര്‍ സൗകര്യമുള്ള മുറികള്‍, മീറ്റിങ് റൂമുകള്‍, സെര്‍വര്‍ റൂം, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുള്ള ഐടി ലാബ് എന്നിവ സജ്ജമാണ്.