പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെറുകഥാകൃത്ത് ടി പത്മനാഭൻ. അട്ടപ്പാടി മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാത്തതിലാണ് സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. നിസാരമായ ഈ പണം പോലും നൽകാനാവാത്ത ഗതികേടിലാണോ സർക്കാരെന്ന് അദ്ദേഹം ചോദിക്കുന്നു.
പണം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർക്ക് നയാപൈസ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നിട്ടും എല്ലാ എതിർപ്പുകളേയും മറികടന്ന് അദ്ദേഹം കേസുമായി മുന്നോട്ട് പോയി. ഏറ്റെടുത്ത ശേഷം ഇതുവരെ കേസ് ഭംഗിയായി കൊണ്ട് പോകാൻ അഭിഭാഷകനായ രാജേഷ് എം മേനോന് കഴിഞ്ഞു. ഇപ്പോൾ അന്തിമ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും ഇതുവരെ അദ്ദേഹത്തിന് നയാ പൈസ സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
മധു വധക്കേസിൽ നാലാമത്തെ പ്രോസിക്യൂട്ടറാണ് അദ്ദേഹം. പബ്ലിക് പ്രോസിക്യൂട്ടറുടെ ഫീസ് കേട്ടാൽ നമ്മൾ ഞെട്ടും. 240 രൂപയാണ് ഒരു ദിവസത്തെ കൂലി. ഇത്ര തുച്ഛമായ പ്രതിഫലത്തിലും അദ്ദേഹം രാജിവയ്ക്കാതെ കേസുമായി മുന്നോട്ട് പോയെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.

