കെഎസ്ആര്‍ടിസിയെ നാല് സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ടി കെഎസ്ആര്‍ടിസിയെ നാല് സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാന്‍ ഗതാഗതവകുപ്പിന്റെ തീരുമാനം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീര്‍ഘദൂര സര്‍വീസുകള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നല്‍കും. ജീവനക്കാരെ പുനര്‍വിന്യസിക്കും. എന്നാല്‍, സ്വതന്ത്ര സ്ഥാപനം കോര്‍പ്പറേഷന്‍ ആയിരിക്കണോ കമ്ബനിയായിരിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

അതേസമയം, ഖജനാവില്‍ നിന്ന് ഇനിയും പണം കൊടുത്ത് കെ എസ് ആര്‍ ടി സിയെ ലാഭത്തില്‍ കൊണ്ടു വരാന്‍ കഴിയില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. സി.എം.ഡി. ഇന്തോനീഷ്യയിലേക്കും മലേഷ്യയിലേക്കും പറക്കാനൊരുങ്ങുന്നതും വിദേശ മോഡല്‍ പഠനത്തിന്റെ ഭാഗമാണ്. മറ്റ് ഉന്നതോദ്യോഗസ്ഥരും യൂണിയന്‍ നേതാക്കളും കര്‍ണാടകയിലേക്കും പോകുന്നുണ്ട്. ഈ യാത്രയിലെ തിരിച്ചറിവുകള്‍ നിര്‍ണ്ണായകമാവും. കര്‍ണാടകയില്‍ 12 മണിക്കൂറാണു ഡ്യൂട്ടിയെങ്കിലും എട്ടുമണിക്കൂറിനുശേഷം ഇരട്ടിവേതനം നല്‍കുന്ന രീതിയുണ്ട്. ശമ്ബളത്തിനൊപ്പം നല്ലൊരു തുക കിട്ടുമെന്നതിനാല്‍ തൊഴിലാളികള്‍ക്ക് എതിര്‍പ്പില്ല.

എന്നാല്‍, സിംഗിള്‍ ഡ്യൂട്ടിക്കെതിരേ ടി.ഡി.എഫ്. ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.എം.എസും സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കുന്നില്ല. കേരളത്തില്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാണെങ്കിലും എട്ടുമണിക്കൂറേ ജോലിയുള്ളെന്നാണു മാനേജ്‌മെന്റ് വാദം.