രാജ്യത്തെ 90 വിമാനത്താവളങ്ങൾ കാർബൺ രഹിത വിമാനത്താവളങ്ങളാക്കുന്നു; പ്രഖ്യാപനവുമായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: രാജ്യത്തെ 90 വിമാനത്താവളങ്ങൾ കാർബൺ രഹിത വിമാനത്താവളങ്ങളാക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. 2024-ൽ പദ്ധതി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2030-ഓടെ കാർബൺ പുറന്തള്ളപ്പെടുന്നത് ഇല്ലാതാക്കാനുള്ള നീക്കളുടെ ഭാഗമായാണ് നടപടി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം 220 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 200 ദശലക്ഷം ആളുകളാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾ നടത്തുന്നത്. എട്ട് വർഷത്തിനിടയിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 141 ആയി ഉയർന്നു. ഇതിൽ ഡൽഹി, കൊച്ചി വിമാനത്താവളങ്ങൾ കാർബൺ രഹിത വിമാനത്താവളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേവലം വിമാനങ്ങളും വിമാനത്താവളങ്ങളും മാത്രമാകരുത് വ്യോമയാന മേഖലയെന്നും വിമാനപറക്കൽ പരിശീലനങ്ങൾ, കാർഗോ, ഡ്രോണുകൾ തുടങ്ങിയവയുടെ വികസനവും ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.