ലണ്ടന്: ഏഷ്യാകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ശേഷം കിഴക്കന് ഇംഗ്ലണ്ട് നഗരമായ ലെസ്റ്ററില് ഹിന്ദു മുസ്ലീം വിഭാഗത്തില്പ്പെട്ടയാളുകള് പരസ്പരം ആക്രമിച്ചതില് അമ്പതോളം പേര് അറസ്റ്റിലായി. മത്സരത്തിന് ശേഷം കലാപകാരികള് നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും, ആരാധനാലയത്തില് ഉയര്ത്തിയിരുന്ന കാവി പതാക വലിച്ചെറിയുകയും ചെയ്തതായി നേരത്തെ റിപ്പോര്ട്ടുകള് പുറത്തു വന്നിരുന്നു.
അതേസമയം, അക്രമസംഭവങ്ങളില് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്ഡിലെ സ്മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് മുന്നില് മുസ്ലീം മതവിഭാഗത്തില് പെട്ട 200ഓളം പേര് പ്രതിഷേധവുമായെത്തിയിരുന്നു. സ്പോണ് ലെയ്നിലെ ദുര്ഗാഭവന് ഹിന്ദു സെന്ററിലേക്ക് ‘അല്ലാഹു അക്ബര്’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് 200ഓളം ആളുകള് തടിച്ചുകൂടുന്നത് സോഷ്യല് മീഡിയയില് പ്രചരിച്ച വീഡിയോയില് വ്യക്തമാണ്. പ്രതിഷേധക്കാരെ തടയാന് വന് സന്നാഹമാണ് ഏര്പ്പെടുത്തിയിരുന്നത്. എന്നാല്, ചിലര് പൊലീസ് വലയം ഭേദിച്ച് മതിലുകളില് കയറാന് ശ്രമിക്കുകയും ചെയ്യുന്നത് കാണാം.
സംഭവത്തില് ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷന് അപലപിക്കുകയും ഇന്ത്യാക്കാര്ക്ക് സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലെസ്റ്ററിലുണ്ടായ അക്രമസംഭവങ്ങളില് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരു മതവിഭാഗങ്ങളിലേയും നേതാക്കള് ഒത്തുകൂടി സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

