തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്ന സമിതി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ വെച്ചാണ് ചർച്ച നടന്നത്. ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേരെ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
വിഷയത്തിൽ സർക്കാർ പലതവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് വിഷയത്തിൽ ഗവർണർ ഇടപെടുന്നത്. ലത്തീൻ അതിരൂപത സർക്കാരിനെതിരെ പലതവണ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവർണറുടെ ഇടപെടൽ.
ചൊവ്വാഴ്ച ലത്തീൻ അതിരൂപതയുമായി ഗവർണർ ബന്ധപ്പെട്ടു. തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ഫാ. യൂജിൻ പെരേര ഉൾപ്പെടെ മൂന്നുപേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അതേസമയം, തുറമുഖ നിർമാണം നിർത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീൻ അതിരൂപതയുടെ ആവശ്യം.

