അംഗീകരിക്കാൻ കഴിയില്ല; ദുബായിൽ തങ്ങിയതിനുള്ള വദ്രയുടെ വിശദീകരണം തള്ളി കോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്ര ദുബായിൽ തങ്ങിയതിനുള്ള വിശദീകരണം ഡൽഹി ഹൈക്കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് വിദേശയാത്രക്കിടെ അടിയന്തരമായി ദുബായിൽ തങ്ങിയെന്നാണ് വദ്ര കോടതിയെ അറിയിച്ചത്.

റോസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി നീലോഫർ ആബിദ പെർവീൻ ആണ് വദ്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. യു എ ഇ വഴി യുകെയിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കൽ അത്യാവശ്യ കാരണങ്ങളാൽ ദുബായിൽ തങ്ങാൻ നിർബന്ധിതനായതാണെന്നാണ് വദ്ര കോടതിയെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് മാസം ബ്രിട്ടണിലേക്കുള്ള യാത്ര ടിക്കറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ചത് ദുബായിൽ താമസിക്കാൻ നേരത്തെ പദ്ധതിയുണ്ടെന്ന സൂചനയാണ് നൽകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബ്രിട്ടൺ , സ്‌പെയിൻ , ഇറ്റലി തുടങ്ങിയടങ്ങളിലേക്ക് പോകാൻ വദ്രക്ക് കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് ബ്രിട്ടണിലേക്ക് പോയ വദ്ര യാത്രാമദ്ധ്യേ ദുബായിൽ ഇറങ്ങുകയായിരുന്നു. തുടർന്നാണ് കോടതി വദ്രയ്ക്ക് നോട്ടീസ് നൽകിയത്.