അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍, സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോയാല്‍, തിരിച്ചു വരുന്നത് അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് സൂചന. അതിനിടെ കേരള വി സി നിയമനത്തിലും ഗവര്‍ണര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ കേരള സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണ്ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവര്‍ണ്ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാതെ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണ്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. എന്നാല്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല.