തെരുവുനായകള്‍ക്ക് പുറമെ പല മൃഗങ്ങളും റാബിസ് വൈറസ് വാഹകരെന്ന് ആരോഗ്യവിദഗ്ധര്‍

തെരുവുനായ്ക്കള്‍ മാത്രമല്ല, വീട്ടില്‍ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള മറ്റു പല മൃഗങ്ങളും റാബിസ് വൈറസ് വാഹകരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നായയ്ക്കു പുറമേ, പൂച്ച, കുറുക്കന്‍, കുരങ്ങ്, വവ്വാല്‍, കന്നുകാലികള്‍ തുടങ്ങിയവയില്‍ നിന്നാണ് പ്രധാനമായും റാബിസ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഏത് മൃഗത്തില്‍ നിന്ന് കടിയേറ്റാലും മുറിവ് 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെ പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത 80% ഒഴിവാക്കാനാകും. കടിയേറ്റ മുറിവില്‍ ഓയിന്റ്‌മെന്റോ കുഴമ്പോ ഒന്നും പുരട്ടരുത്. മുറിവ് കെട്ടിവയ്ക്കണമെന്നുമില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

അതേസമയം, ശരീരത്തില്‍ എവിടെ വൈറസ് എത്തിയാലും തലച്ചോറിലേക്കെത്തും. അതുകൊണ്ടു തന്നെ വാക്‌സീന്‍ നിര്‍ബന്ധം. ഏത് അസുഖമുള്ളയാള്‍ക്കും റാബിസ് പ്രതിരോധ വാക്‌സീന്‍ എടുക്കാം. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മുറിവിനു ചുറ്റുമെടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സീന്‍ കൂടി എടുക്കണം. ആഴത്തിലുള്ള മുറിവോ ഒന്നിലേറെ ഭാഗങ്ങളില്‍ കടിക്കുകയോ തൊലി പോയിടത്ത് നക്കുകയോ ചെയ്താല്‍ ഇമ്യൂണോ ഗ്ലോബുലിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. മൃഗത്തില്‍ നിന്നു പരുക്കേറ്റ ദിവസം തന്നെ ആദ്യ ഡോസ് വാക്‌സീന്‍ എടുക്കണം. മൂന്നാം ദിവസം രണ്ടാമത്തേതും ഏഴാം ദിവസം മൂന്നാമത്തേതും 28-ാം ദിവസം നാലാമത്തേതും വാക്‌സീന്‍ എടുക്കണം. 10 ദിവസം കഴിഞ്ഞും ഉപദ്രവിച്ച മൃഗത്തിന് ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മൂന്ന് ഡോസ് കൊണ്ട് വാക്‌സീന്‍ നിര്‍ത്താം. മൃഗങ്ങളില്‍ നിന്ന് പരുക്കേറ്റാല്‍ ടെറ്റനസ് കുത്തിവയ്പ് എടുക്കാം.

എന്നാല്‍, സംസ്ഥാനത്ത് വാക്‌സീന്‍ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ ജനിതക മാറ്റം വന്നിട്ടുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. തെരുവുനായ് കടിച്ചാല്‍ ആശുപത്രി ബില്ലുകള്‍, ഒപി ടിക്കറ്റ് തുടങ്ങിയവയ്‌ക്കൊപ്പം വെള്ളക്കടലാസില്‍ കാര്യങ്ങള്‍ വിശദമായി എഴുതി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. വിലാസം – ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിങ്, പരമാര റോഡ്, കൊച്ചി. മൂഷിക വര്‍ഗം, ഉരഗങ്ങള്‍ തുടങ്ങിയവയെ റാബിസ് വൈറസ് വാഹകരായി കണ്ടെത്താത്തതിനാല്‍ എലി, അണ്ണാന്‍, മുയല്‍, ഗിനിപ്പന്നി, പാമ്പുകള്‍, ഉടുമ്പ് തുടങ്ങിയവ കടിച്ചാല്‍ റാബിസ് വൈറസ് പ്രതിരോധ കുത്തിവയ്പ് എടുക്കാറില്ല.