കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: മത്സരിക്കാനുള്ള തീരുമാനം തരൂര്‍ ഒറ്റക്കെടുത്തതെന്ന് കേരള നേതാക്കള്‍

ആലപ്പുഴ: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ നിലപാടിനെ അനുകൂലിക്കുന്നില്ലെന്നും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്നും വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്. മത്സരിക്കാനുള്ള തീരുമാനം തരൂര്‍ ഒറ്റയ്‌ക്കെടുത്തതാണെന്നും പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പത്രിക നല്‍കുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും, നെഹ്‌റു കുടുംബം അംഗീകരിക്കുന്നവര്‍ക്കേ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകൂയെന്നും കെ മുരളീധരന്‍ എംപിയും പ്രതികരിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ രാജസ്ഥാനടക്കം പല പിസിസികളും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കിയതിനാല്‍ നെഹ്‌റു കുടംബം അംഗീകരിക്കുന്ന ഒരാള്‍ പ്രസിഡണ്ടാകണമെന്ന നിലപാടിനാണ് കേരളത്തിലും ഇപ്പോള്‍ മുന്‍തൂക്കം.