പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബർ സിദ്ദിഖാണ് അറസ്റ്റിലായത്. പട്ടാമ്പിയിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശ്രീനിവാസന്റെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതക പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. അബൂബക്കറിന്റെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ആകെ 38 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. ഇതിനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനിൽകുമാർ വ്യക്തമാക്കി. ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുന്നെയായിരുന്നു ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് പോലീസ് ചെയ്തിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളിൽ നിന്നും പോലീസിന് ലഭിച്ചത്.

