വിആർഎസ് അപേക്ഷ ലഭിച്ചാൽ ഉടനടി നടപടി; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: വിആർഎസിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിയ്ക്ക് ചെറിയ പരിഹാരം എന്ന നിലയിലും ധനമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരവുമാണ് നടപടി.

സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഒരു ഉദ്യോഗസ്ഥൻ വിരമിക്കലിന് അപേക്ഷ നൽകി നോട്ടീസ് പീരീഡിനുള്ളിൽ നിരസിച്ചില്ല എങ്കിൽ ആ അപേക്ഷകന്റെ സ്വയം വിരമിക്കൽ അംഗീകരിച്ചതായി കണക്കാക്കാം. നോട്ടീസ് പിരീഡ് ഇല്ലാത്ത ലഭിക്കുന്ന അപേക്ഷകൾ മേലധികാരി ഇത് ദിവസത്തിനുള്ളിൽ നിരസിച്ചിരിക്കണം. വകുപ്പ് തലത്തിൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ അപേക്ഷ എഴു ദിവസത്തിനുള്ളിൽ നിരസിച്ചിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്റെ അപേക്ഷ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് നിരസിക്കേണ്ടത്.

നോൺ ഗസറ്റഡ് അപേക്ഷകന് 20 വർഷം സർവീസ് ഇല്ലെങ്കിൽ ദിവസത്തിനുള്ളിൽ മടക്കി നൽകണം. ഗസറ്റഡ് ആണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ മടക്കി നൽകേണ്ടതാണ്.

അതേസമയം നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ വിരമിക്കൽ അനുവദിക്കാതെ പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ടി വന്നാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.