എറണാകുളം: ജലമാർഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) ടൂറിസം മേഖലയിൽ നെഫർറ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുളള നെഫർറ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. മർച്ചൻറ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഈ കപ്പലിൽ 200 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റെസ്റ്റോറൻറ്, കുട്ടികൾക്കുളള കളിസ്ഥലം, സൺഡെക്ക്, ലോഞ്ച് ബാർ, 3ഡി തിയറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
ചുരുങ്ങിയ ചെലവിൽ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവർണ്ണാവസരം നെഫർറ്റിറ്റി ഒരുക്കുന്നു. ബിസിനസ്സ് മീറ്റിംഗുകൾക്കും, വിവാഹചടങ്ങുകൾക്കും മറ്റ് ആഘോഷങ്ങൾക്കും നെഫർറ്റിറ്റി അനുയോജ്യമായ ഇടം നൽകുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റി ഒരുക്കുന്നുണ്ട്.
2022 മെയ് മാസത്തിൽ മാത്രമായി 32 ട്രിപ്പുകൾ പൂർത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം നെഫർറ്റിറ്റി നേടി. ഡോക്ടർമാരുടെ കോൺഫറൻസ് ഉൾപ്പെടെ നിരവധി വൻകിട കമ്പനികളുടെ മീറ്റിംഗുകളും നടന്നു. കോവിഡ് മഹാമാരിക്ക് മുൻപ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി സിനിമാതാരം മോഹൻലാലും സംഘവും ക്രൂയിസ് യാത്ര നടത്തിയിരുന്നു.
കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫർറ്റിറ്റി. രണ്ടു മാസത്തെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി നെഫർറ്റിറ്റി ഓഗസ്റ്റ് അവസാനത്തോടെ യാത്ര ആരംഭിച്ചിരുന്നു. കെ.എസ്.ഐ.എൻ.സി.യുടെ മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജയുടെ മേൽനോട്ടത്തിലാണ് നെഫർറ്റിറ്റിയുടെ വിജയ കുതിപ്പ് തുടരുന്നത്.
നെഫർറ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകൾ ഓൺലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങൾക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

