വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലെ പ്രതിനിധിയെ നിശ്ചയിക്കാന്‍ കേരള സര്‍വ്വകലാശാലക്ക് ഗവര്‍ണറുടെ അടിയന്തര നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന് സര്‍വ്വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല. ഒക്ടോബര്‍ 24 നു വിസിയുടെ കാലാവധി കഴിയാനിരിക്കെ ആണ് രാജ്ഭവന്‍ നീക്കം.

അതേസമയം, ബില്ലിലും സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും കേരള സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയതിലും ഗവര്‍ണ്ണര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. സര്‍വ്വകലാശാല പ്രതിനിധിയായി ജൂണില്‍ തീരുമാനിച്ച ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രന്‍ അപ്രതീക്ഷിതമായി പിന്മാറിയത് ബില്ല് പാസാക്കാനുള്ള തന്ത്രമാണെന്ന് ഗവര്‍ണ്ണര്‍ നേരത്തേ തിരിച്ചറിഞ്ഞതിനാലാണ് സര്‍വ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തന്റെയും യുജിസിയുടേയും പ്രതിനിധികളെ വെച്ച് സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത്.

എന്നാല്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് നിയമ പ്രകാരമെന്നാണ് ഗവര്‍ണറുടെ നിലപാട്.