കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിൽ ഇമാം കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ ഖാസിമി അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിവാദത്തിൽ. പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപണവുമായി പ്രസംഗത്തിനെതിരെ സമുദായ സംഘടനകൾ രംഗത്തെത്തി. ഇരുവിഭാഗം സമസ്ത നേതാക്കളും പ്രസംഗത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷപ്രചാരണത്തിന് പ്രവാചകചരിത്രം വളച്ചൊടിച്ച ഖാസിമി മാപ്പുപറയണമെന്നാണ് നേതാക്കൾ ഉന്നയിക്കുന്ന ഇആവശ്യം.
സംഘപരിവാറിനോട് എന്തുകൊണ്ട് സംയമനം പാടില്ലെന്ന് സമർത്ഥിക്കാൻ പ്രവാചകചരിത്രം ഉദ്ധരിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവ് പ്രസംഗം നടത്തിയത്. പ്രവാചകന്റെ അനുയായികൾ സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാവണമെന്നും പ്രസംഗത്തിൽ പറയുന്നു. പ്രവാചകന്റെ അനുയായികളായി സംഘപരിവാറിനോട് പോരാടണമെന്നും നിശബ്ദത പാലിക്കില്ലെന്ന് പറയാൻ മുസ്ലിം ഉമ്മത്ത് ധീരത കാണിക്കണമെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. അക്രമിക്കാൻ വരുന്നവന് നാരങ്ങാനീര് കൊടുക്കണമെന്നല്ല പ്രവാചകൻ പഠിപ്പിച്ചത്. സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിച്ചാൽ സ്വർഗം ലഭിക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി കുറ്റപ്പെടുത്തി. സംഘടന വളർത്താൻ വിശ്വാസികളെ വഴിതെറ്റിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അബ്ദുറഹ്മാൻ സഖാഫി കുറ്റപ്പെടുത്തി. ഇസ്ലാമിനെക്കുറിച്ച് വിവരമില്ലാത്തവർ പ്രവാചകചരിത്രം വളച്ചൊടിക്കുകയാണ്. പ്രവാചകൻ ഭീകരനാണെന്ന് വരുത്താൻ ശ്രമം. പ്രവാചകന്റെ ക്ഷമയും കാരുണ്യവും പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഹദീസ് കൊല്ലാൻ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാചക ചരിത്രം വളച്ചൊടിച്ച് വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടാനാണ് അഫ്സൽ ഖാസിമി ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂർ പ്രതികരിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണെന്നും അദ്ദേഹം വിമർശിച്ചു. വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ടെന്നും പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ടെന്നും സത്താർ കൂട്ടിച്ചേർത്തു. ഹദീസ് തെറ്റായി ഉദ്ധരിച്ച അഫ്സൽ ഖാസിമി പ്രസ്താവന തിരുത്തി മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഗ്രാൻഡ് ഖാസി ജമലുല്ലൈലി തങ്ങളും വ്യക്തമാക്കി.

