ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി-20: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 28ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും.

പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും മൂന്ന് ടിക്കറ്റ് എടുക്കാം. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെ.സി.എ ധാരണയിലെത്തി. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാം. ഇത്തവണ മൂവായിരത്തോളം സീറ്റുകള്‍ കുറവാണെന്ന് കെ.സി.എ ഭാരവാഹികള്‍ അറിയിച്ചു.

750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ബുക്ക് ചെയ്യണം.