തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി കെ സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് അദ്ദേഹം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതെന്നും സുതാര്യമാണ് നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. സോണിയ ഗാന്ധിയെ കണ്ടതിൽ അസാധാരണമായി ഒന്നുമില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയിൽ തിരക്കിട്ട ചർച്ചകളും കൂടിക്കാഴ്ചകളുമാണ് നടക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സെപ്തംബർ 26ന് പത്രിക നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശശി തരൂരും മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ശശി തരൂർ വിശ്വസ്തരുമായി കൂടിയാലോചനകൾ നടത്തുകയാണ്. മനീഷ് തിവാരിയും മത്സരിക്കും. അതേസമയം, പിസിസികൾ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണം എന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.

ചർച്ചകൾ നടത്താനായി ശശി തരൂർ ഡൽഹിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണം എന്ന ഉപാധി ഗെഹ്ലോട്ട് ഗാന്ധി കുടുംബത്തിന് മുന്നിൽ വച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടേക്കുമെന്നാണ് വിവരം.