ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയിൽ തിരക്കിട്ട ചർച്ചകളും കൂടിക്കാഴ്ചകളും നടക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സെപ്തംബർ 26ന് പത്രിക നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശശി തരൂരും മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ശശി തരൂർ വിശ്വസ്തരുമായി കൂടിയാലോചനകൾ നടത്തുകയാണ്. മനീഷ് തിവാരിയും മത്സരിക്കും. അതേസമയം, പിസിസികൾ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണം എന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.
ചർച്ചകൾ നടത്താനായി ശശി തരൂർ ഡൽഹിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണം എന്ന ഉപാധി ഗെഹ്ലോട്ട് ഗാന്ധി കുടുംബത്തിന് മുന്നിൽ വച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടേക്കുമെന്നാണ് വിവരം.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഗാന്ധി ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലായിരുന്ന കെ സി വേണുഗോപാൽ ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. വോട്ടർ പട്ടിക ഇന്ന് മുതൽ എഐസിസി ആസ്ഥാനത്ത് എത്തി സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാനുള്ള അവസരമുണ്ട്.

