ചത്തീസ്ഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ആരോപണവുമായി പ്രതിപക്ഷം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഭഗവത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ആംആദ്മി വ്യക്തമാക്കി. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഭഗവന്ത് മന്നിനെ ഇറക്കിവിട്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
മൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് വിമാനം നാല് മണിക്കൂർ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി ഭഗവന്ത് മന്നിന്റെ നടപടിയെന്നും പ്രതിപക്ഷം വിമർശിച്ചു. അതേസമയം, നടക്കാൻ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി സഹയാത്രികർ വ്യക്തമാക്കിയതായി അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ട്വിറ്ററിലൂടെ അറിയിച്ചു. സംഭവം അപമാനകരമാണെന്ന് കോൺഗ്രസും ട്വിറ്ററിൽ കുറിച്ചു. അമിതമായി മദ്യപിച്ചതിനെ തുടർന്ന് മന്നിന് കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു സഹയാത്രികനെ ഉദ്ധരിച്ച് കോൺഗ്രസ് പറയുന്നു.
സാമൂഹ്യമാധ്യമ റിപ്പോർട്ടുകളെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും എഎപി വിശദമാക്കി. നിങ്ങൾക്ക് വേണമെങ്കിൽ ലുഫ്താൻസ എയർലൈൻസിനോട് ഇക്കാര്യം അന്വേഷിക്കാവുന്നതാണെന്ന് എഎപി വക്താവ് മൻവീന്ദർ സിംഗ് അറിയിച്ചു.
ലുഫ്താൻസയും സംഭവത്തിൽ വിശദീകരണം നൽകി. ഫ്രാങ്ക്ഫുർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രിപ്പ് നിശ്ചയിച്ചതിനേക്കാൾ വൈകിയത് വിമാനത്തിൽ മാറ്റംവരുത്തിയതുകൊണ്ടാണെന്നും യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

