ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2.75 കണ്ടെത്തി

കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മഹാമാരി തീര്‍ന്നെന്ന് കരുതേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2.75 ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയെങ്കിലും ഇത് ആശങ്ക പരത്തുന്ന വകഭേദമല്ലെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് വക്താവ് ഫോസ്റ്റര്‍ മൊഹാലോ വ്യക്തമാക്കി. ബിഎ.4, ബിഎ.5 എന്നിവയാണ് നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും പ്രബലമായ കോവിഡ് വകഭേദങ്ങള്‍.

ഇന്ത്യയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ബിഎ. 2.75 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണിലാണ് ഇന്ത്യയില്‍ ബിഎ.2.7 ആദ്യം കണ്ടെത്തിയത്. സെപ്റ്റംബര്‍ 18ലെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് പുതുതായി 5664 കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.79 ശതമാനവുമാണ്.

അതേസമയം, ദക്ഷിണകൊറിയയില്‍ പകര്‍ച്ചപ്പനി സാധ്യതയുണ്ടെന്ന് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ശിശുപരിചരണ സംവിധാനങ്ങള്‍, സ്‌കൂളുകള്‍, നഴ്‌സിങ് സംവിധാനങ്ങള്‍ തുടങ്ങിയവയോട് ഇന്‍ഫ്‌ളുവന്‍സ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി ആവശ്യപ്പെട്ടു. കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി അപകടസാധ്യത കൂടിയ ജനവിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ സീസണല്‍ ഫ്‌ളൂ ഷോട്ടുകള്‍ നല്‍കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.