ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വില കുതിച്ചുകയറിയപ്പോൾ കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടിയെന്ന് കണക്കുകൾ. യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യ വലിയ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കാൻ കാരണം. യുഎസ്, യൂറോപ്പ് തുടങ്ങിയവിടങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അവഗണിച്ചായിരുന്നു ഇന്ത്യ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ വാങ്ങിയത്.
രാജ്യത്തെ ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു നേരത്തെ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇത് 12 ശതമാനത്തിലേറെയായി. നിലവിലെ കണക്കു പ്രകാരം ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇറാഖ് ഒന്നാമതും സൗദി രണ്ടാമതും റഷ്യ മൂന്നാമതുമാണ്.
ഏപ്രിൽ-ജൂലായ് കാലയളവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 89,235 കോടി(11.2 ബില്യൺ ഡോളർ)രൂപയിലേയ്ക്ക് ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിലെ 10,350 കോടി(1.3 ബില്യൺ ഡോളർ) രൂപയുടെ എണ്ണ ഇറക്കുമതിയാണ് നടന്നത്.

