ആവശ്യമില്ലാതെ എന്തെങ്കിലും പറയുന്നതിനോടൊന്നും പ്രതികരിക്കാനില്ല; ഗവര്‍ണര്‍ക്കെതിരെ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നവരാണ്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ ഞാന്‍ ആര്‍.എസ്.എസാണ്. പണ്ടേ ആര്‍.എസ്.എസുമായി ബന്ധമുണ്ട്. ഞാന്‍ പറയുന്നതെല്ലാം ആര്‍.എസ്.എസിനുവേണ്ടിയാണ് എന്നൊക്കെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ച് വേറൊന്നും പറയാനില്ല. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്ന തരത്തില്‍ ശാസ്ത്ര – സാങ്കേതിക വിദ്യയുടെ സഹായത്തോടെ പത്രസമ്മേളനം നടത്തി എന്നതല്ലാതെ പുതിയ ഒരു കാര്യവും ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ പുറത്തുവിട്ട ദൃശ്യങ്ങളും നേരത്തെ കണ്ടിട്ടുള്ളതാണ്. പുതിയതൊന്നുമല്ല. ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. രാഗേഷ് അന്ന് എം.പിയാണ്. അദ്ദേഹം ഗവര്‍ണറെപ്പോലെതന്നെ ക്ഷണിക്കപ്പെട്ട ഒരു അതിഥിയാണ്. അവിടെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അത് പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് കെ. കെ രാഗേഷ് നടത്തിയത്. വെറുതെ ആവശ്യമില്ലാതെ എന്തെങ്കിലും പറയുന്നതിനോടൊന്നും പ്രതികരിക്കാനില്ല’- എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.