തിരുവനന്തപുരം: കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്ശനവുമായി എം.എം മണി എംഎല്എ രംഗത്ത്. ‘സിപിഎം നേതാവ് കെ.കെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങള് വിഡ്ഢിത്തമാണ്. ഗവര്ണര് വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയിരിക്കുകയാണ്. ഇത്രയും ബുദ്ധിശൂന്യനെ ഗവര്ണറായി കേന്ദ്രം അടിച്ചേല്പ്പിച്ചത് മര്യാദകേടാണ്. ആര് എസ് എസ് നേതാവ് മോഹന് ഭാഗവതിനെ കാണാന് പോയതോടെ ഗവര്ണറാരാണെന്ന് വ്യക്തമായി’- എം.എം മണി തുറന്നടിച്ചു.
അതേസമയം, കണ്ണൂര് വിസിയുടെ പുനര് നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മര്ദം ചെലുത്തിയെന്നും, വിസി നിയമന നടപടി നിര്ത്തി വെക്കാന് സര്ക്കാര് ആവശ്യപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രത്യേക വാര്ത്താസമ്മേളനം വിളിച്ചുചേര്ത്ത് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയത്. ഭരണത്തില് ഇടപെടില്ലെന്ന് ഉറപ്പു നല്കി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകര്പ്പുകളും ഗവര്ണര് മാധ്യമങ്ങള്ക്ക് വിതരണം ചെയ്തു.
കണ്ണൂര് ചരിത്ര കോണ്ഗ്രസില് തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോള് നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്നും ഗവര്ണര് ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങള് ഗവര്ണര് വാര്ത്താസമ്മേളനത്തില് പ്രദര്ശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവര്ണര് ചോദിച്ചു.

