തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്ദ്ദം കാരണമാണ് തെറ്റ് ചെയ്തതെന്ന് ഗവര്ണര് ഏറ്റുപറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്
‘കണ്ണൂര് സര്വകലാശാല വി.സി നിയമനത്തില് സര്ക്കാരും വിദ്യാഭ്യാസമന്ത്രിയും ക്രമവിരുദ്ധമായി ഇടപെടുകയും അവരുടെ സമ്മര്ദ്ദം കാരണം ഗവര്ണര് വൈസ് ചാന്സലര്ക്ക് നിയമവിരുദ്ധമായി പുനര്നിയമനം നല്കുകയും ചെയ്തു എന്ന് ഗവര്ണര് ഇന്ന് സ്ഥിരീകരിച്ചു. പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിവയ്ക്കുന്നതാണ് ഗവര്ണറുടെ തുറന്നുപറച്ചില്. ഏറ്റുപറഞ്ഞതു കൊണ്ട് തെറ്റ് തെറ്റല്ലാതാകില്ല. ആര്എസ്എസ് പിന്തുണയ്ക്കുന്ന ഗവര്ണറുമായി സന്ധിയുണ്ടാക്കിയ സര്ക്കാര് ഇപ്പോള് ഗവര്ണര് സര്ക്കാരിനെ ഉപദ്രവിക്കുന്നതായി പറയുകയാണ്. രണ്ടുകൂട്ടരും നടത്തുന്നത് നാടകമാണ്. ഇതിന് മറുപടി നല്കേണ്ടത് പ്രതിപക്ഷമല്ല. കണ്ണൂരിലെ ചരിത്ര കോണ്ഗ്രസിലെ കാര്യങ്ങളെക്കുറിച്ച് ഗവര്ണര് ഇപ്പോള് പറയുന്നത് എന്തെന്ന് വ്യക്തമല്ല. അതിന് മറുപടി നല്കേണ്ടത് പ്രതിപക്ഷമല്ല ആഭ്യന്തര വകുപ്പിന്റെ ചുമതലയുള മുഖ്യമന്ത്രിയാണ്. ലോകായുക്ത ബില്ലിലും സര്വകലാശാല ബില്ലിലും ഒപ്പിടില്ലെന്ന് ഗവര്ണര് പറഞ്ഞതിനെ സ്വാഗതം ചെയ്യുകയാണ്. ഇക്കാര്യം പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്.’

