തിരുവനന്തപുരം: രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് ഗവർണർ. ചരിത്രകോൺഗ്രസ് വേദിയിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ പി ആർ ഡി ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്. പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷാണെന്നും വേദിയിൽ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ ആരോപിച്ചു.
പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഇതിനുള്ള പ്രതിഫലമാണോയെന്നും ഗവർണർ ചോദിക്കുന്നു. ഗവർണറെ തടഞ്ഞാൽ ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അയച്ച മൂന്ന് കത്തുകളും അദ്ദേഹം പുറത്തുവിട്ടു.
അതേസമയം, കണ്ണൂർ വൈസ് ചാൻസലർ പുനർ നിയമനത്തിൽ മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ ടി ജലീൽ നടത്തിയ വിവാദ കശ്മീർ പരാമർശവും പി ജയരാജന്റെ വിമാനയാത്രാ വിലക്കും ഗവർണർ വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു.

