ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ; 968 മില്യൺ യു എസ് ഡോളറിന്റെ വായ്പ നൽകി

ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ത്യ 968 മില്യൺ യു എസ് ഡോളറിന്റെ വായ്പ നൽകി. ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ ശ്രീലങ്കയ്ക്ക് വായ്പ നൽകി കൊണ്ടിരുന്നത് ചൈനയായിരുന്നു. 947 മില്യൺ ഡോളറിന്റെ വായ്പയാണ് 2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലം ചൈന ശ്രീലങ്കയ്ക്ക് നൽകിയത്.

ശ്രീലങ്കയ്ക്ക് മേൽ ചൈന നടത്തുന്ന സമ്പത്തിൽ അധിനിവേശത്തെ തന്ത്രപൂർവ്വം ചെറുക്കാനാണ് ഇന്ത്യയുടെ നീക്കം. ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യ വലിയ സഹായമാണ് ശ്രീലങ്കയ്ക്ക് നൽകിയിരുന്നത്. ഇന്ത്യ 4 ബില്യൺ യു എസ് ഡോളർ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങൾക്കുമായി ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്.

ശ്രീലങ്കയുടെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ സംരക്ഷിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം സഹായങ്ങൾ നൽകിയതെന്ന് യു എന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് അറിയിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടൺ വളവും ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകി.