വായുമലിനീകരണം കുറയ്ക്കൽ; പത്ത് ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ ബംഗളൂരുവിലെത്തുന്നു

ബംഗളൂരു: വായുമലിനീകരണവും ഡീസൽ ബസ്സുകളുടെ അധികബാധ്യതയും കുറയ്ക്കാൻ പുതിയ തീരുമാനവുമായി കർണാടക ആർടിസി. കൂടുതൽ ഇലക്ട്രിക് ബസ് സർവ്വീസ് തുടങ്ങാനാണ് കർണാടകയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുംബൈ മാതൃകയിൽ പത്ത് ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ ബംഗളൂരുവിലെത്തുന്നു.

ഇലക്ട്രിക് ബസുകളിൽ ഡീസൽ ബസുകളുടേത് പോലെ ശബ്ദ മലിനീകരണം ഉണ്ടാകില്ല. യാത്ര കൂടുതൽ സൗകര്യപ്രദമാണെന്നതാണ് ഈ ബസുകളുടെ മറ്റൊരു പ്രത്യേകത. കുലുക്കം കുറഞ്ഞ കാറിൽ യാത്ര ചെയ്യുന്ന അനുഭവമായിരിക്കും ഈ ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാവുക. ഭിന്നശേഷി സൗഹൃദമാണെന്നതും ഇത്തരം ബസ്സുകളുടെ പ്രത്യേകതയാണ്.

ഡബിൾ ഡെക്കർ ബസുകൾ ആദ്യം സർവ്വീസ് നടത്തുക സിൽക്ക് ബോർഡ് ഹെബ്ബാൾ റൂട്ടിലാണ്. മുകളിലെ നിലയിലിരുന്ന് കൂടുതൽ നഗരകാഴ്ചകൾ കണ്ട് യാത്ര ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. ലണ്ടനിലെ ബിഗ് ബസ് മാതൃകയിൽ 6 ഡീസൽ ഡബിൾ ഡെക്കർ ബസ്സുകൾ മൈസൂരുവിൽ സർവ്വീസ് നടത്തുന്നുണ്ട്. ബസുകൾക്ക് അപകടഭീഷണി ഉയർത്തുന്ന വൈദ്യുതിലൈനുകൾ, മരക്കൊമ്പുകൾ തുടങ്ങിയ ഒഴിവാക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.