കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ച സംഭവം; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാർ അസോസിയേഷൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അഭിഭാഷകർ സമരം വ്യാപിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിഐജി ആർ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും.

സമരം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബാർ അസോസിയേഷൻ കൂടുതൽ ജില്ലകളിലേക്ക് സമരം നടത്താൻ അഭിഭാഷകർ തീരുമാനിച്ചത്. കൊല്ലം ജില്ലയിലെ കോടതികളിൽ മാത്രമായിരുന്നു ഇതുവരെ അഭിഭാഷകർ സമരം നടത്തിയിരുന്നത്. അഭിഭാഷകർ ബഹിഷ്‌കരിച്ചതോടെ കോടതി നടപടികൾ പൂർണമായും തടസപ്പെട്ടു.

കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനാണ് കൊല്ലം ബാർ അസോസിയേഷന്റെ തീരുമാനം. എന്നാൽ, അഭിഭാഷകനെ മർദിച്ചിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. മദ്യപിച്ചു വാഹനമോടിച്ചു നാട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.