ആലപ്പുഴ: കേരളത്തിലെ റോഡുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ കേരളത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പരാമർശിച്ചത്. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ലെന്നും റോഡ് അപകടം വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യവും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇത്രയധികം ആംബുലൻസുകൾ കടന്നു പോകുന്ന സ്ഥലം കണ്ടിട്ടില്ല. ഓരോ ആംബുലൻസിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അപ്ഗ്രേഡ് ചെയ്യണം. മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. അവരുടെ സമരം ന്യായമാണ്. ഖനനം അവരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറുപ്പിന്റെ രാഷ്ട്രീയമാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത്. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

