തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച്ച രാവിലെ രാജ്ഭവനിൽ വാർത്ത സമ്മേളനം വിളിച്ച് സർക്കാരിനെതിരെ തെളിവുകൾ പുറത്തു വിടാനാണ് ഗവർണറുടെ നീക്കം. രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ചാണ് ഗവർണർ മാദ്ധ്യമങ്ങളെ കാണുന്നത്.
വീഡിയോകളും ചില രേഖകളും ഗവർണർ വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണെന്നും നേരത്തെ ഗവർണർ ആരോപിച്ചിരുന്നു. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷണം നടത്താനെന്നും അദ്ദേഹം ചോദിക്കുന്നു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നടക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, ഗവർണ്ണറെ നേരിടാൻ തന്നെയാണ് എൽഡിഎഫിന്റെ തീരുമാനം.

