ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഗവർണർ നടത്തുന്നത്; വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. എന്നാൽ ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഗവർണർ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ ബിജെപി വക്താവായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ചെയ്യേണ്ടത് പോലും അദ്ദേഹം ഏറ്റെടുത്തുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഭരണഘടനാപരമായ കാര്യങ്ങൾ ഗവർണർ ചെയ്യട്ടെ, ബില്ല് ഒപ്പിടാത്ത സാഹചര്യം വരുമ്പോൾ അപ്പോൾ നോക്കാം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. നിയമസഭാ കയ്യാങ്കളി കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചു. ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനം ആണ് അദ്ദേഹം കാണിക്കുന്നതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. 11 ബില്ലുകളിൽ ഭരണഘടനാപരമായ നിലപാട് സ്വീകരിക്കണം. പ്രതിപക്ഷത്തിന് വേണ്ടിയുള്ള പ്രധാന ചുമതലയാണ് ഗവർണർ സ്വീകരിക്കുന്നത്. ബിജെപി പിന്തുണച്ചതിൽ നിന്നും കാര്യം മനസിലായെന്നും അവർ ഒരേ തൂവൽപക്ഷികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.