ന്യൂഡല്ഹി: രാജ്യത്ത് ഡിജിറ്റല് സാങ്കേതിക വിദ്യയടക്കം പ്രയോജനപ്പെടുത്തി ചരക്കുഗതാഗതം സുഗമമാക്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. ചരക്ക് ഗതാഗതം 60 ശതമാനവും നിലവില് റോഡ് മാര്ഗമാണ്. ഇതു പകുതിയാക്കി റെയില്വേ വഴിയുള്ള 28 ശതമാനം 40 ആക്കി ഉയര്ത്തുമെന്ന് വിജ്ഞാന്ഭവനില് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പുതിയ ലോജിസ്റ്റിക് നയത്തില് പറയുന്നുണ്ട്.
അതേസമയം, പുതിയ നയം പ്രാബല്യത്തില് വന്നാല് കടത്തുചെലവ് 13-14 ശതമാനം എന്നത് അഞ്ചുവര്ഷത്തിനുള്ളില് പത്തുശതമാനത്തില് താഴെയാക്കും. മികച്ച സമ്ബദ് വ്യവസ്ഥാ മാതൃകകളില് റോഡുവഴി 25-30 ശതമാനം, റെയില്മാര്ഗം 50-55 ശതമാനം, കടല്മാര്ഗം 20-25 ശതമാനം എന്നിങ്ങനെയാണ് ചരക്കുകടത്തല് നടക്കുന്നത്. ചരക്കുകടത്ത് കൂലി ഇന്ത്യയില് കൂടുതലാണ്. ഇന്ത്യന് ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കാന് 2014-ല്തന്നെ രാജ്യം വ്യവസായ, വാണിജ്യ സൗഹൃദമാക്കാനുള്ള നപടികള് സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. 20,000 കോടി ഡോളര് മൂല്യമുള്ളതാണ് ഇന്ത്യയിലെ ചരക്കുകടത്തു മേഖല. 2020-ലെ ബജറ്റ് പ്രസംഗത്തില് കേന്ദ്രധനമന്ത്രി നിര്മലാ സീതാരാമനാണ് ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട പുതിയ നയമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്.
ലോകത്തെ അഞ്ചാമത്തെ സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കയറ്റുമതിരംഗത്ത് പുതിയ ലക്ഷ്യങ്ങള് ഉറപ്പാക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഡ്രോണ് നയവും പ്രയോജനപ്പെടുത്തും. തുറമുഖങ്ങളുടെ ശേഷി വര്ധിപ്പിച്ചു. കപ്പലുകളുടെ കയറ്റിയിറക്ക് പൂര്ത്തിയാക്കല് 44 മണിക്കൂറില്നിന്ന് 26 മണിക്കൂറാവും. കൂടുതല് പരിസ്ഥിതിസൗഹൃദ ജലപാതകളും തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

