അക്രമാസക്തമായ ഉള്ളടക്കങ്ങള്‍; വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് ടെക് ഭീമന്മാര്‍

ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് കൂടുതല്‍ അക്രമാസക്തമായ വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍. അക്രമ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്നും തീവ്രവാദത്തെ തടയുമെന്നും യൂട്യൂബ് പറഞ്ഞു. ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും അത് നീക്കം ചെയ്യുമെന്ന് കമ്ബനി വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ യൂട്യൂബ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും യു.എസ് ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വിഡിയോകള്‍ ഇപ്പോഴുമുണ്ട്.

ടെക് ട്രാന്‍സ്‌പെരന്‍സി പ്രോജക്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 435 അക്രമ അനുകൂല വിഡിയോകള്‍ യൂട്യൂബില്‍ ഉണ്ട്. അതില്‍ 85 എണ്ണം ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം പോസ്റ്റ് ചെയ്തവയാണ്. അക്രമത്തിന് പരിശീലനം നല്‍കുന്ന വിഡിയോകള്‍ വരെ അതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങളുടെ നയങ്ങള്‍ മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് യൂട്യൂബ് വക്താവ് ജാക്ക് മലോന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ എങ്ങനെ കണ്ടെത്താം എന്ന് മനസ്സിലാക്കാന്‍ യുവാക്കള്‍ക്കായി മാധ്യമ സാക്ഷരതാ ക്യാമ്ബയിന്‍ സംഘടിപ്പിക്കുമെന്നും യൂട്യൂബ് പറഞ്ഞു. അക്രമം തടയാനും കണ്ടെത്താനും തങ്ങളുടെ മെഷീന്‍ ലേണിങ്, എ.ഐ ടൂളുകള്‍ കുറഞ്ഞ വിലയില്‍ സ്‌കൂളുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും നല്‍കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. മിഡില്‍ബെറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മെറ്റായും അറിയിച്ചു.