റിപ്പബ്ലിക്കിനെ രക്ഷിക്കുക; കോഴിക്കോട് ജനമഹാസമ്മേളനം നടത്തി പോപ്പുലർ ഫ്രണ്ട്, വൻ ജനപങ്കാളിത്തം

കോഴിക്കോട്: ‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’ എന്ന പ്രമേയത്തിൽ കോഴിക്കോട് ജനമഹാസമ്മേളനം നടത്തി പോപ്പുലർ ഫ്രണ്ട്. വൻ ജനപങ്കാളിത്തമാണ് ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസി, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, നാഷണൽ വിമൻസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഫിസ് അഫ്‌സൽ ഖാസിമി, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ, സ്വാഗതസംഘം ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹിന്ദുത്വ ഫാഷിസത്തിനു അധികാരമില്ലാത്ത കേരളത്തിൽപ്പോലും അവർക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് അബ്ദുൾ സത്താർ അറിയിച്ചു. ഹിന്ദുത്വ ഭീകരതക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ പോപ്പുലർ ഫ്രണ്ട് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകീട്ട് 4.30ന് കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നാണ് വോളണ്ടിയർ മാർച്ച് ആരംഭിച്ചത്. ചെസ്റ്റ് ഹോസ്പിറ്റൽ, പുതിയ ബസ് സ്റ്റാന്റ്, മാവൂർ റോഡ്, ബാങ്ക് റോഡ്, സിഎച്ച് ഓവർബ്രിഡ്ജ്, കോർപ്പറേഷൻ ഓഫീസ് ചുറ്റി കോഴിക്കോട് ബീച്ചിലാണ് വോളണ്ടിയർ മാർച്ചും ബഹുജന റാലിയും സമാപിച്ചത്. ഭരണഘടന സംരക്ഷിക്കുക, ഫാഷിസത്തെ കുഴിച്ചുമൂടുക, പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടന തകർക്കുമ്പോൾ മൗനം കുറ്റകൃത്യമാണ്, യുഎപിഎ പിൻവലിക്കുക, ഇന്ത്യയെ ബുൾഡോസർ സ്റ്റേറ്റ് ആക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് സത്രീകൾ ഉൾപ്പെടെയുള്ള റാലിയിൽ പങ്കെടുത്തത്.