രാജ്യത്തിന് ചീറ്റകളെ മാത്രം പോര; തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രധാന പ്രശ്നമെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദനം കുറഞ്ഞതും കേന്ദ്ര സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊന്നും കാണാതെ ചീറ്റയ്‌ക്കൊപ്പം ഫോട്ടോയെടുക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ചീറ്റകളെ കൊണ്ടുവന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്‌ക്കൊപ്പം രാജ്യത്തെ പ്രശ്‌നങ്ങളും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, തൊഴിലില്ലായ്മ വിഷയത്തിൽ വിവിധ പ്രഫഷനൽ കോഴ്‌സുകൾ പഠിച്ച യുവജനങ്ങളുമായി രാഹുൽ ഗാന്ധി സംവാദം നടത്തുകയും ചെയ്തു.