രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം; പ്രമേയം പാസാക്കി രാജസ്ഥാന്‍

ഗ്വാളിയോര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ഗാന്ധി. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ വരട്ടെയെന്നാണ് രാഹുലിന്റെ നിലപാട്.

അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രമേയം കൊണ്ടുവരുന്ന ആദ്യ സംസ്ഥാന ഘടകമായി മാറിയിരിക്കയാണ് രാജസ്ഥാന്‍.

എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക 20 മുതല്‍ എഐസിസിയിലെ തന്റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വോട്ടര്‍ പട്ടിക ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു. മത്സരിക്കുന്നവര്‍ക്ക് പിന്നീട് പട്ടിക പൂര്‍ണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി.