ന്യൂഡൽഹി: 72 -ാം ജന്മദിനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ കർമ്മനിരതനാണ്. പ്രധാനമായും നാല് പരിപാടികളിലാണ് അദ്ദേഹം ഇന്ന് പങ്കെടുക്കുന്നത്. മദ്ധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ ചീറ്റ പുലികളെ തുറന്നു വിടുന്നത് മുതലുള്ള പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ അദ്ദേഹം ഭാരത മണ്ണിലേക്ക് തുറന്നുവിട്ടു. നമീബിയയിൽ നിന്നാണ് പുലികളെ ഇന്ത്യയിലേക്ക് എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ടു വർഷത്തെ ഭരണ കാലയളവിൽ സുപ്രധാനമായ പല തീരുമാനങ്ങളും നടപ്പിലാക്കുകയും പല ചടങ്ങുകൾ നടക്കുകയും ചെയ്തിരുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.
മാഡിസൺ സ്ക്വയർ ഗാർഡൻ
2014 സെപ്റ്റംബർ 28-ന്, ഇരുപതിനായിരത്തോളം ഇന്ത്യൻ അമേരിക്കൻ വംശജരെയും യുഎസ് ജനപ്രതിനിധികളെയും സാക്ഷിയാക്കി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ മോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ലോകശ്രദ്ധ ആകർഷിക്കാൻ ഈ പ്രസംഗത്തിന് കഴിഞ്ഞി. വമ്പൻ സ്പോർട്സ് ഇവന്റുകൾക്കും റോക്ക് സംഗീതത്തിലെ പ്രമുഖർക്കും വേദിയായിട്ടുള്ള മാഡിസൺ സ്ക്വയറിൽ മോദിയുടെ വാക്കുകൾ ഇന്ത്യൻ ജനത ഏറ്റെടുക്കുകയായിരുന്നു.
നോട്ട് നിരോധനം
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം സ്വീകരിച്ച ഒരു സുപ്രധാന തീരുമാനമായിരുന്നു നോട്ട് നിരോധനം. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ചതായി 2016 നവംബർ എട്ടിന് രാത്രിയിൽ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാമെന്നും രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ഇത്തരത്തിൽ നിക്ഷേപിച്ചാൽ അതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപന വേളയിൽ വ്യക്തമാക്കി. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നടപടി.
ആർട്ടിക്കിൾ 370
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മറ്റൊരു നാഴികക്കല്ലായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കൽ. 2019 ഓഗസ്റ്റ് അഞ്ചിനാണ് പാർലമെന്റ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35-എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥയായിരുന്ന 370-ാം അനുച്ഛേദം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുകയും 35-എ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കശ്മീരിൽ ഭൂമി വാങ്ങുന്നത് തടയുകയും ചെയ്തിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിരവധി രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ബിയർ ഗ്രിൽസിനോടൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ്
2019 ഓഗസ്റ്റിൽ സർവൈവലിസ്റ്റ് ബിയർ ഗ്രിൽസിനോടൊപ്പം മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ മോദി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ മഴയും തണുപ്പും സഹിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തത്. ഡിസ്കവറി ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. പ്രകൃതിസംരക്ഷണം, ശുചിത്വം എന്നിങ്ങനെ മോദിയുടെ പ്രിയപ്പെട്ട സന്ദേശങ്ങളുടെ പ്രചരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി നടന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയാണിത്.
ഐഎസ്ആർഒ തലവന് നൽകിയ ആലിംഗനം
ഇന്ത്യൻ ജനത ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ഐഎസ്ആർഒയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2- അവസാന നിമിഷം പരാജയപ്പെട്ടത് ഇന്നും ഏവർക്കും മറക്കാനാകാത്ത സംഭവമാണ്. ഉപഗ്രഹത്തിന്റെ വിക്രം എന്നു പേരിട്ട ലാൻഡർ പദ്ധതി പ്രകാരം പ്രവർത്തിക്കാതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി വിജയിക്കാതെ പോയതിൽ നിരാശനായ ഐഎസ്ആർഒ തലവൻ കെ ശിവനെ പ്രധാനമന്ത്രി ആശ്വസിപ്പിച്ച വാർത്ത വൈറലായിരുന്നു. വികാരാധീനനായി തന്റെയടുത്തെത്തിയ കെ ശിവനെ കെട്ടിപ്പിടിച്ചാണ് മോദി ആശ്വസിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. 130 കോടി ജനങ്ങളുടെ ആലിംഗനം എന്ന വിശേഷണത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
ഹൗഡി മോദി
2019 സെപ്തംബർ 22-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത പരിപാടിയാണ് ഹൗഡി മോദി. അമ്പതിനായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. അമേരിക്കൻ മണ്ണിൽ ഒരു വിദേശ നേതാവിന് അപൂർവ്വമായി മാത്രം ലഭിച്ചിട്ടുള്ള വൻ സ്വീകരണങ്ങളിൽ ഒന്നായിരുന്നു ഇത്. ഹൂസ്റ്റണിലെ എൻജിആർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചരുന്നത്. പരിപാടി ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
നമസ്തേ ട്രംപ്
ഹൗഡി മോദി റാലി കഴിഞ്ഞ് മാസങ്ങൾക്കകം ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മൊട്ടേര സ്റ്റേഡിയത്തിൽ മോദിയും ഇന്ത്യൻ ജനതയും ചേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേറ്റു. 2020 ഫെബ്രുവരി 24-നായിരുന്നു ഈ പരിപാടി. നമസ്തേ ട്രംപ് എന്നു പേരിട്ട പരിപാടിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് പങ്കെടുത്തത്.
കോവിഡ് വാക്സിനേഷൻ
ഇന്ത്യയുടെ ആരോഗ്യ മേഖലയെ സംബന്ധിച്ച് ഒരു പ്രധാന ദിവസമായിരുന്നു 2021 ഒക്ടോബർ 21. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 100 കോടി വാക്സിൻ കുത്തിവെപ്പ് എന്ന നേട്ടം ഇന്ത്യ കൈവരിച്ചത് അന്നായിരുന്നു. പോളിയോ നിർമ്മാർജ്ജനം ചെയ്ത ശേഷമുള്ള ഏറ്റവും വലിയ യത്നങ്ങളിൽ ഒന്നായിരുന്നു ഇത്. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ച് അവിടുത്തെ ആരോഗ്യപ്രവർത്തകരോട് ആശയവിനിമയം നടത്തിക്കൊണ്ടാണ് മോദി വാക്സിൻ വിതരണത്തിൽ ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തെ കുറിച്ച് പ്രഖ്യാപിച്ചത്.

