ഇത് യുദ്ധത്തിന്റെ കാലമല്ല; സമാധാനത്തിന്റെ പാതയിൽ ഒന്നിച്ച് പോകാമെന്നാണ് ചിന്തിക്കേണ്ടതെന്ന് പുടിനോട് മോദി

സമർഖണ്ഡ്: ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാംഗ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിലായിരുന്നു മോദിയും പുടിനും തമ്മിൽ സംസാരിച്ചത്.

സമാധാനത്തിന്റെ പാതയിൽ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടത്. ദശാബ്ദങ്ങളായി ഒരുമിച്ചു നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണം, ഇന്ധന സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കാണ് നാം പ്രാമുഖ്യം കൊടുക്കേണ്ടത്. യുദ്ധബാധിത മേഖലകളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സഹായം നൽകിയ റഷ്യക്കും യുക്രൈനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം, യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

യുക്രൈൻ നേതൃത്വത്തിന് ചർച്ചകളിൽ താത്പര്യമില്ല. യുദ്ധഭൂമിയിൽ സൈനിക നടപടിയിലൂടെ പ്രശ്‌നം അവസാനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിഷയത്തിൽ എല്ലാ കാര്യങ്ങളും ഇന്ത്യയുമായി ചർച്ച ചെയ്യാൻ തയ്യാറാണ്. ഇന്ത്യയും റഷ്യയും തമ്മിൽ അതിവേഗം വളരുന്ന നയതന്ത്ര ബന്ധമാണ് ഉള്ളത്. അന്താരാഷ്ട്ര വേദികളിൽ ഇരു രാജ്യങ്ങളും സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.