കൊച്ചി: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. ചാനൽ ചർച്ചകളിലൂടെയല്ല ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനാവുകയായിരുന്നുവെന്നും സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണെന്നും അദ്ദേഹം അറിയിച്ചു. ചില പ്രതികരണങ്ങൾ ഉണ്ടായപ്പോൾ അതിൽ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നുവെന്നും അതാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഇതല്ല ഗവർണർ സ്വീകരിക്കേണ്ടിയിരുന്ന രീതി. പുതിയ ആശയങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെങ്കിലോ അത് നടത്തേണ്ടത് ചാനലുകളിലൂടെയല്ല. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

