പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍. ‘സമൂഹത്തിലെ ദുര്‍ബലരും ദരിദ്രരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങള്‍ക്കും വികസന മോഹങ്ങള്‍ക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോദി’- മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

രാംനാഥ് കോവിന്ദ്

‘നവംബര്‍ 26 ഭരണഘടനാ ദിനമാക്കാന്‍ മുന്‍കയ്യെടുത്ത പ്രധാനമന്ത്രി തന്നെയാണ് അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികമാഘോഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും പ്രേരണയായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും സ്വയംപര്യാപ്ത ഇന്ത്യയും മോദി സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളാണ്. അംബേദ്കറുടെ സ്വപ്നങ്ങളാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. അഴിമതിയോടും കുടുംബവാഴ്ച രാഷ്ട്രീയത്തോടുമുള്ള ആശങ്ക അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രാജ്യമാണ് ആദ്യമെന്ന മുദ്രാവാക്യത്തിലൂന്നി സദ്ഭരണവും സാമൂഹിക ഐക്യവും അച്ചടക്കവും മുഖമുദ്രയാക്കിയാണ് മോദി മുന്നേറുന്നത്.’

ജെ.പി നദ്ദ

‘ജനങ്ങളുടെ ശക്തിയിലുള്ള ദൃഢവിശ്വാസവും ആശയവിനിമയത്തിലെ സുതാര്യതയുമാണ് മോദിയെ വ്യത്യസ്തനാക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുന്നതിനോടൊപ്പം ജനങ്ങളെ അവരുടെ കടമ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. സ്വച്ഛഭാരത് അഭിയാന്‍, ജലജീവന്‍ മിഷന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമസ്തമേഖലകളിലും ജനപങ്കാളിത്തത്തോടെ വിജയം കാണാന്‍ മോദിക്കു കഴിഞ്ഞു.’

നിതിന്‍ ഗഡ്കരി

‘രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ വിപ്ലവകരമായ മാറ്റമാണ് മോദിയുടെ കാലത്തു വന്നത്. പിഎം ഗതിശക്തി പദ്ധതി ഇതിനുദാഹരണമാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ സമഗ്ര ആസൂത്രണത്തിന് ഇത് ഉപകരിക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷങ്ങള്‍ ബിജെപി വിപുലമായി നടത്തും. എല്ലാ ജില്ലകളിലും ബിജെപി പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകള്‍ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും. കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ടിബി മുക്ത ഭാരത ക്യാംപെയ്‌നിന്റെ ഭാഗമായി അസുഖബാധിതരെ ഒരു വര്‍ഷത്തേക്കു ദത്തെടുത്ത് ആവശ്യമുള്ള ചികിത്സാ സഹായങ്ങള്‍ നല്‍കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. രണ്ടു ദിവസം രാജ്യമാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസംരക്ഷണ ബോധവല്‍ക്കരണം, സാംസ്‌കാരിക, ബുദ്ധിജീവി സമ്മേളനങ്ങള്‍, പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് കത്തെഴുതല്‍ എന്നിവയുമുണ്ടാകും.