ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് സംസാരിക്കേണ്ടത്; ഗവർണർക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് അവർക്ക് അർഹതപ്പെട്ട ജോലിക്കായി അപേക്ഷിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിട്ടാണോ സ്റ്റാഫിൻറെ ബന്ധു അപേക്ഷ കൊടുക്കുക. എന്തൊരു അസംബന്ധമാണ് പറയുന്നത്. എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ പരിശോധിക്കാൻ ആരാണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആയതിനാൽ ജോലിയ്ക്ക് അപേക്ഷിക്കാൻ പറ്റില്ല എന്ന് പറയാൻ ഇദ്ദേഹത്തിന് എന്താണ് അവകാശം. ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽപരം അസംബന്ധം മറ്റൊരാൾക്കും പറയാൻ കഴിയില്ല. ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് സംസാരിക്കേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല, അത് അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ അടുത്ത് ബന്ധപ്പെടുന്നവർ അത് പരിശോധിപ്പിക്കാൻ തയ്യാറാകണം. പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല ഗവർണറുടേത്. സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.