പൂച്ചാക്കല്‍: തീരപരിപാലന നിയമം ലംഘിച്ചതിനാല്‍ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. റിസോര്‍ട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു കോടതി നിര്‍ദേശമുണ്ട്. ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റര്‍ പ്ലാന്‍ റിസോര്‍ട്ട് ഉടമകള്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. 5900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതില്‍ നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. 6 മാസംകൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
അതിനിടെ, റിസോര്‍ട്ട് പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ റിസോര്‍ട്ട് ജീവനക്കാര്‍ തടഞ്ഞു.

