കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ, അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് സർക്കാരിന്റെ വിശദീകരണം തേടിയത്.
തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നും അദാനിഗ്രൂപ്പ് ഹർജിയിൽ പറയുന്നു.
അതേസമയം, മറുപടി നൽകാൻ സർക്കാർ സമയം തേടിയതോടെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചിരുന്നു.

