നിലപാടും നയവുമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്, പിന്നെന്ത് ജോഡോ യാത്ര?; വിമര്‍ശിച്ച് എം.വി ഗോവിന്ദന്‍

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ കടന്ന് പോകുന്നില്ലെന്ന് സിപിഎം വിമര്‍ശനം. ഇത്തരത്തിലാണെങ്കില്‍ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കണമെന്ന യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ ചോദ്യമുന്നയിച്ചു.

‘ബിജെപിയുടെ വര്‍ഗീയതയെ തടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ നിലപാടാണുള്ളത്. നിലപാടും നയവുമില്ലാത്ത അവസ്ഥയാണ് അവര്‍ക്ക്. പിന്നെന്ത് ജോഡോ യാത്ര?’- എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്നര്‍ ജാഥയെന്നും, യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ ‘കണ്ടെയ്നര്‍ ജാഥ’ ആര്‍ക്കെതിരെയാണ്? ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. കണ്ടയ്നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്. രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല’- സ്വരാജ് ചൂണ്ടിക്കാട്ടി.