പത്തനംതിട്ട: സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യൂണിയനുകളുടെ നേതാക്കൾ. തെരുവു നായുടെ കടിയേറ്റ പെരുനാട് സ്വദേശിനി അഭിരാമി മരിച്ച സംഭവത്തിലാണ് നേതാക്കൾ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലക്കാരിയായ ആരോഗ്യമന്ത്രി ഇതുവരെയും അഭിരാമിയുടെ വീട് സന്ദർശിക്കാൻ തയാറായിട്ടില്ലെന്ന് നേതാക്കൾ ആരോപിക്കുന്നു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി എസ്. വിജയൻ, റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി അനിൽകുമാർ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, അഭിരാമിയുടെ വല്യച്ഛൻ പി കെ ശശി തുടങ്ങിയവർ ആരോഗ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.
അഭിരാമി മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ എസ്എൻഡിപി യോഗം യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർധനകുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അഭിരാമിയുടെ കുടുംബം സന്ദർശിക്കാൻ ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പോലും തയാറായില്ല. ജില്ലാ കലക്ടറും ഡിഎംഓയും തിരിഞ്ഞു നോക്കിയില്ല. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിർത്തി അന്വേഷണം നടത്തണം. അന്വേഷണം പ്രഹസനമാകരുത്. കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യണം. നടപടിയുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് തീരുമാനമെന്നും സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ 13ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനാണ്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമാവുകയായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നതോടെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

