അറ്റകുറ്റപ്പണി നടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് പരിക്ക്‌

കൊച്ചി: പത്ത് ലക്ഷം രൂപ ചിലവില്‍ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക്‌ യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു.

അതേസമയം, ടാര്‍ ഇട്ട് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതില്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.

എന്നാല്‍, ആലുവ-പെരുമ്പാവൂര്‍ റോഡിന് 24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്. പക്ഷേ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് റോഡിലെ പണി തുടങ്ങാനാവാത്തതെന്നാണാ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കുന്നത്. അതിനാലാണ് താല്‍ക്കാലിക പാച്ച് വര്‍ക്ക് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.