കണ്ണൂരില്‍ പേ വിഷബാധയേറ്റ പശുവിന് ദയാവധം നടപ്പാക്കി

കണ്ണൂര്‍: കണ്ണൂരില്‍ പേ വിഷബാധയേറ്റ പശുവിന് ദയാവധം. ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റത് തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി ഇന്‍ജെക്ഷന്‍ നല്‍കി ദയാവധം നടപ്പാക്കിയത്. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടര്‍ ആല്‍ബിന്‍ വ്യാസ് മലബാര്‍ റാബിസ് രോഗനിര്‍ണയ ലബോറട്ടറിയിലെ ഡോക്ടര്‍ എ ആര്‍ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ പരിശോധിച്ചത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തത്.

അതേസമയം, കണ്ണൂരില്‍ മറ്റൊരു പശുവിനും പേ വിഷബാധയേറ്റതായി സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, വളര്‍ത്ത് മൃഗങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും വന്ധ്യകരിച്ച പട്ടികള്‍ക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂരില്‍ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തില്‍ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ ചത്താല്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളെ വളര്‍ത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് മൈക്രോ ചിപ്പിങ് നിര്‍ബന്ധമാക്കും. സ്‌കൂള്‍ പരിസരത്ത് തെരുവ് പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തലാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനിച്ചു.