തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ കോണ്‍ട്രാക്ട് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകള്‍
‘പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡിന്റെ കാര്യത്തിലും പഴി കേള്‍ക്കേണ്ടി വരുന്നുണ്ട്. റോഡ് നിര്‍മ്മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്ബാവൂര്‍ ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കും. റോഡുകളുടെ പരിപാലനത്തിന് നേരത്തെ തന്നെ കരാര്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്ബ് റോഡ് നന്നാക്കാനാവൂ. 12000 കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് റണ്ണിങ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തിയിട്ടുള്ളത്.റോഡുകള്‍ക്ക് അരികില്‍ വെള്ളം പോകാന്‍ സൗകര്യം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ റോഡുകളുടെ നവീകരണം തുടരുകയാണ്. വാട്ടര്‍ അഥോറിറ്റിക്ക് വേണ്ടി കുഴിച്ചതുകൊണ്ട് 92 റോഡുകള്‍ തകര്‍ന്നു.ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കും. നാല് വര്‍ഷം കൊണ്ട് മുഴുവന്‍ റോഡുകളും ബിഎം ആന്‍ഡ് ബിസി റോഡുകളാവും. ഏഴ് വര്‍ഷം വരെ നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും ഗുണനിലവാരം വര്‍ദ്ധിക്കും. ജനങ്ങള്‍ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. എല്ലാ സ്ഥലത്തും റോഡ് വീതി കൂട്ടാനുള്ള പണി സജീവമായി തുടരുകയാണ്. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം. റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം. റോഡുകള്‍ വികസിപ്പിക്കുമ്ബോള്‍ മാത്രമേ ഡിസൈന്‍ഡ് റോഡുകളാക്കാന്‍ കഴിയൂ. അതിന് ജനസാന്ദ്രത തടസ്സമാണ്.’
അതേസമയം, വിഷയത്തില്‍ ഹൈക്കോടതി നിരന്തരം ഇടപെടലുകള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരുമാസം മുന്‍പ് നന്നാക്കിയ ആലുവ- പെരുമ്ബാവൂര്‍ റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.

