പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ ഇരുപത്തിയൊമ്പതാം സാക്ഷി സുനില്‍കുമാര്‍ കൂറുമാറി. മധുവിനെ വനത്തില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, വിസ്താര വേളയില്‍ ഇക്കാര്യം നിഷേധിച്ചു. ഇതോടെ കേസിലെ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി. ഇതുവരെ വിസ്തരിച്ചതില്‍ ആറു പേര്‍ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. 122 സാക്ഷികളാണ് കേസിലുള്ളത്.
അതേസമയം, മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. എന്നാല്‍, വീഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍കുമാറിനെയും കാണാം. അതിനാല്‍, കൂറുമാറിയ സുനില്‍കുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് ഇരുപതിനാണ് കേസില എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. മണ്ണാര്‍ക്കാട് SC – ST കോടതിയുടേതായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.

