നിയമസഭ കയ്യാങ്കളി കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇ പി ജയരാജൻ കോടതിയിൽ ഹാജരായില്ല. അസുഖത്തെ തുടർന്ന് വിശ്രമത്തിലാതിനാലാണ് ഇ പി ജയരാജൻ ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇ പി ജയരാജൻ ഒഴികെയുള്ള കേസിലെ പ്രതികളെല്ലാം കോടതിയിൽ ഹാജരായി. കേസിലെ കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. എന്നാൽ, പ്രതികൾ കുറ്റം നിഷേധിച്ചു. സെപ്തംബർ 26 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

കെ ടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ അജിത് കുമാർ, സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് തുടങ്ങിയവരെല്ലാം കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.

കേസ് പിൻവലിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഹാജരാകണമെന്ന കർശന നിർദ്ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ചിരുന്നത്. വിടുതൽ ഹർജി നിലനിക്കുന്നതിനാൽ പ്രതികൾ നേരത്തേ കോടതിയിൽ ഹാജരായിരുന്നില്ല. ഹർജി തള്ളിയ ശേഷം മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരാകാതിരുന്നതോടെയാണ് കോടതി കർശന നിർദ്ദേശം നൽകിയത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിച്ചത്.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു.